. . .

August 09, 2017

കവിത പെയ്ത മണ്ണില്‍ കണ്ണ്നീര്‍ തുള്ളികള്‍ വീഴ്ത്തിയതാര് ..?


മാനവിക മൂല്യങ്ങളെ തിരസ്കരിക്കുന്ന ആധുനിക വിദ്യാഭ്യാസം 'ജോബ് ഹണ്ടേർ' സിനെ മാത്രമാണ് ഉത്പാദിപ്പിക്കുക  എന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായായിരുന്ന  മൗലാനാ അബുൽ കലാം ആസാദ് പറയുന്നത് സ്വാതന്ത്ര്യ സമര കാലത്തണ്.
1800 കളുടെ തുടക്കത്തിൽ കടൽ കടന്നെത്തിയ മെക്കാളെ പ്രഭുവാണ് നമ്മുടെ നിലവിലുള്ള ആധുനിക വിദ്യാഭ്യാസസമ്പ്രദായത്തിന്റെ  പിതാവ്, വില്ല്യം ബെന്റിക് പ്രഭു  ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന കാലഘട്ടത്തിലാണ് മെക്കാളയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വിത്ത് പാകുന്നത്, പക്ഷെ അതത്ര സ്വാദ്ദേശപരമായിരുന്നില്ല. ബ്രിട്ടീഷുകാരനോട് ,അവന്റെ രാഷ്ട്രത്തോട് , അവന്റെ സംസകാരത്തോട്, വിധേയത്വമുള്ള  ഒരു തലമുറയെ സൃഷ്ടിക്കുക  എന്നതായിരുന്നു മെക്കാളെ പ്രഭുവിന്റെ ലക്ഷ്യം ..

        പറഞ്ഞു വരുന്നത് മൂല്യങ്ങൾ നഷ്ടപ്പെട്ട നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ മേഖലയെ  കുറിച്ചാണ്. നാല്പതുകളിൽ അബുൽ കലാം  ആസാദ് പറഞ്ഞു തുടങ്ങിയേടത്ത് നിന്ന് പിന്നെയും പിന്നെയും പിറകോട്ട് പോയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസ മേഖല. അക്ഷരാർത്ഥത്തിൽ കമ്പോള സംസ്‍കാരം നമ്മുടെ വിദ്യാഭാസ മേഖലയെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നതിന്റെ എത്രെയെത്രയോ സാക്ഷ്യങ്ങൾ നമുക്ക് ചുറ്റും ഉയർന്നു കേള്‍ക്കുന്നു . സമകാലിക കേരളത്തെ പിടിച്ചുലച്ച ഒരു മരണമാണ് ജിഷ്ണു പ്രണോയ് എന്ന എൻജിനീയറിങ് വിദ്യാർത്തിയുടേത് ,തൃശൂർ പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായ ജിഷ്ണു കഴിഞ്ഞ ജനുവരി മാസം കോളേജില്‍ വെച്ച്  ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് പൊതു സമൂഹത്തോട്വിളിച്ചു പറയുന്നത്  നമ്മുടെ കലാലയങ്ങളുടെ ഇടനാഴികളിൽ നടന്നുകൊണ്ടിരിക്കുന്ന  സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് .

എന്തിനാണ് ജിഷ്ണു കൊല്ലപ്പെട്ടത്...? ,
ആരാണവനെ മരണത്തിലേക്ക് വലിച്ചെറിഞ്ഞത്...?
ആർക്കു വേണ്ടിയാണവൻ കൊല്ലപ്പെട്ടത്...?
എങ്ങനെയാണ് നമ്മുടെ കലാലയങ്ങൾ വേതാള നഗരം പോലെ അന്ധകാരത്തിലമാർന്നത്...?
ഈ ചോദ്യങ്ങളിലേക്ക്  കാത്  കൂർപ്പിച്ചാൽ വിരലുകൾ നമ്മളിലേക്ക് ചൂണ്ടപ്പെടും ഉത്തരങ്ങളായി
അതെ നമ്മൾ തന്നെയാണ് ഉത്തരാവാദികൾ..,നമ്മുടെ നിസ്സംഗതയാണ് നമ്മുടെ നിഷ്ക്രിയത്വമാണ്  എല്ലാറ്റിനും കാരണം .

ചൈനീസ് സാഹിത്യകാരനായ ലൂഷറിന്റെ ഒരു കവിതയുണ്ട് ,ഒരു പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയാണ് , 'സർ എങ്ങനെയാണ് ഒരഭിപ്രായം പ്രകടിപ്പിക്കുക’ എന്ന് , ഇതിനു മറുപടിയായി ആ അധ്യാപകൻ അവർക്കൊരു കഥ പറഞ്ഞു കൊടുക്കുകയാണ് ,കഥയിങ്ങനെയാണ്.ഒരിടത്ത് ഒരു വീട്ടിൽ ഒരു കുഞ്ഞ് പിറന്നു ,ആ കുഞ്ഞിനെ കാണാൻ ബന്ധുക്കളും മറ്റും വന്നു,അതിഥികളില്‍ ഒരാൾ കുഞ്ഞിനെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു ,ഈ കുഞ്ഞ് വളർന്ന് വലിയ ധനികനാവും, സന്തുഷ്ടരായ വീട്ടുക്കാർ അവർക്ക് സമ്മാനങ്ങൾ നൽകി,
മറ്റൊരാൾ പറഞ്ഞു ‘ഈ കുഞ്ഞ് വലിയ ഉദ്യോഗസ്ഥനാകുമെന്ന് ‘,അതും വീട്ടുകാരെ സന്തോഷിപ്പിച്ചു അയാൾക്കുമവർ ധാരാളം സമ്മാനങ്ങൾ നൽകി,
മൂന്നാമതൊരാൾ പറഞ്ഞു 'ഈ കുഞ്ഞ് മരിക്കും ' ദേഷ്യം വന്ന വീട്ടുകാർ അയാളെ മർദിച്ചു ,സത്യത്തിൽ ആദ്യത്തെ രണ്ട് അതിഥികളും പറഞ്ഞത് ഒരിക്കലും സംഭവിക്കണമെന്നില്ലാത്ത കേവല പ്രശംസ മാത്രമാണ് എന്നാൽ മൂന്നാമത്തെയാൾ പറഞ്ഞത് അനിവാര്യമായ ഒരു യാഥാർഥ്യമാണ് ,എന്നാൽ സത്യം പറഞ്ഞ അയാൾക്ക് ലഭിച്ചത് മർദനമാണ് ,അദ്യാപകൻ പറഞ്ഞു നിർത്തി. അപ്പോൾ ആ വിദ്യാർത്ഥി വീണ്ടും ചോദിച്ചു ,'സർ എനിക്ക് നുണകൾ പറയണമെന്നില്ല ,എന്നാൽ തല്ലു കൊള്ളരുതെന്നുമുണ്ട് ,ഞാനെന്തു ചെയ്യും സർ  ...?.  അദ്യാപകൻ മറുപടി പറഞ്ഞു  അത്തരം സന്ദർഭങ്ങളിൽ നിങ്ങള്‍ ' ഓ ..ഹ ഹ ഹ ...' എന്നിങ്ങനെ പറഞ്ഞാൽ മതിയെന്ന് …

ഇന്നത്തെ വിദ്യാർത്ഥി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ഈ കഥ ,സത്യം പറയാൻ അവനു പേടിയാണ് ക്യാമ്പസുകളിൽ നടക്കുന്ന അനീതിക്കെതിരെ,അവകാശ ലംഘനങ്ങള്‍ക്കെതിരെ,അന്യായങ്ങൾക്കെതിരെ പ്രതികരിച്ചാൽ അവനെ കാത്തിരിക്കുന്നത് ഇടിമുറികളാണ് ,ഒന്ന് ചിരിച്ചതിന് ,മലയാളം സംസാരിച്ചതിന്, അണ്ണാക്കിൽ കെട്ടിയ ടൈ ഒന്ന് വലത്തോട്ടോ ഇടത്തോട്ടോ ചരിഞ്ഞതിന്, ബ്രായുടെ വള്ളി കണ്ടതിന്, താടി രോമങ്ങളുടെ നീളം കൂടിയതിന്, അങ്ങനെ മുതലാളിക്ക്  തോന്നിയതിനെല്ലാം ചുങ്കം പിരിക്കുന്ന നാണം കെട്ട ഏര്‍പ്പാടിനെതിരെ  അവനൊന്ന് ശബ്‌ദിച്ചാൽ അവൻ   നേരിടേണ്ടി വരിക കോട്ടിട്ട ഗുണ്ടകളുടെ കൊടിയ പീഢനങ്ങളാണ്.
ജിഷ്ണുവിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്  ,കേരളത്തിന്റെ സാങ്കേതിക സർവകലാശാലയുടെ കെടുകാര്യസ്ഥതക്കെതിരെ ,താൻ പഠിക്കുന്ന കോളേജിൽ നടക്കുന്ന അനീതികൾക്കെതിരെ അണിയറയിൽ ചരട് വലികല്‍ നടത്തിയതിന് ജിഷ്ണു നൽക്കണ്ടി വന്നത് സ്വന്തം ജീവനാണ്.


ജിഷ്ണുവിന്റെ  മരണത്തോടു കൂടി കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ മതില്‍ കെട്ടിനുള്ളില്‍ നടമാടിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ ഉയർന്നു കേൾക്കുന്നു . മുതലാളിക്ക് പണമുണ്ടാക്കാൻ എന്ത് വഴിയും സ്വീകരിക്കാമെന്ന് സ്ഥിതി വന്നിരിക്കുന്നു ,അച്ചടക്കത്തിന്റെ പേര് പറഞ്ഞ്  കടുത്ത മനുഷ്യാവാകാശ ലംഘനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മേൽ പ്രസ്താവിച്ച നെഹ്‌റു കോളേജിന്റെ കാര്യം തന്നെയെടുക്കാം ,ഐഡി കാർഡ് ഇട്ടില്ലെങ്കിൽ ഫൈൻ ,ക്ലാസ്സിൽ വെച്ച് ഭക്ഷണം കഴിച്ചാൽ ഫൈൻ,ഷേവ് ചെയ്തില്ലെങ്കിൽ എക്സാം പോലും നിഷേധിക്കുന്ന അവസ്ഥ ,എന്തിനേറെ കോളേജിനകത്ത് രാഷ്ട്രീയം പാടില്ലെന്ന് തിട്ടൂരമിറക്കുന്ന മാനേജ്‌മെന്റുകളെ നാം കണ്ടിട്ടണ്ട് . എന്നാൽ കോളേജിന്റെ മതിൽകെട്ടിനു പുറത്ത് പോലും തങ്ങളുടെ ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയത്തിലിടപെടാൻ പാടില്ലെന്നും, അങ്ങനെ സംഭവിച്ചാൽ  അച്ചടക്ക നടപടി സ്വീകരിക്കുമെന്നും  പറയുന്നതിനെ എന്താണ് നമ്മൾ വിളിക്കേണ്ടത്,ധാർഷ്ട്യം എന്ന് പറഞ്ഞാൽ അത് ചെറുതായിപ്പോകും . അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനം ,രാജ്യത്തിന്റെ ഭരണഘടനെപ്പോലും വെല്ലു വിളിക്കാൻ കൃഷ്ണദാസുമാർക്ക് ആരാണധികാരം നൽകിയത്..? ,ജവഹർ ലാലിന്റെ നാമധേയത്തിലുള്ള ഒരു സ്ഥാപനത്തിലാണ് ഇവ്വിധം ഭരണഘടനാ ലംഘനം നടക്കുന്നതെന്നോർക്കണം ....


ഇത് കേവലം ഒരു നെഹ്‌റു കോളേജിന്റെ മാത്രം ചിത്രമല്ല ,മറിച്ച് കേരളത്തിലെ മിക്ക സ്വാശ്രയ കോളേജുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ടോംസ് കോളേജിന്റെയും ,മറ്റും വാർത്തകൾ മാധ്യമങ്ങളിലൂടെ  നാം അറിഞ്ഞതാണ് ...മുമ്പ് ഒരു പോളിടെക്നിക്  കോളേജിലെ അവസാന വർഷ മെക്കാനിക്കൽ വിദ്യാര്തഥികൾ തങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിന്  പരിസമാപ്തി കുറിച്ച് കൊണ്ട് പരസ്പരം പൊടി വിതറി വിവിധ നിറങ്ങളിൽ ആറാടി, അതെ വസ്ത്രവുമായി  അങ്ങാടിയിലൂടെ നടന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ അന്തസ്സിനെ ബാധിച്ചു എന്നും പറഞ്ഞ് ഫൈനും ചോദിച്ചു വന്ന ഒരു സെക്രട്ടറിയെ സ്വന്തം അനുഭവത്തിൽ അറിയാവുന്നത് കൊണ്ട് ഇതിലൊന്നും ഒട്ടും അതിശയോക്തി തോന്നാറില്ല …


പക്ഷെ എന്താണ് പരിഹാരം..?.  ഒരു ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തോട് കൂടി നമ്മൾ തിരുത്തിയോ..? ഇല്ലെന്നതാണ് വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ നമ്മോട് വിളിച്ച് പറയുന്നത്, തെക്കന്‍ കേരളത്തിലെ ഒരു കോളേജിലെ കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞതിന്റെ പേരിൽ ,കോളേജ് കാന്റീൻ ബഹിഷ്കരിച്ചു പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരിച്ചു വരാൻ അല്പം താമസിച്ചതിന്റെ പേരിൽ വീട്ടിലേക്ക് വിളിച്ച് നിങ്ങളുടെ മകൻ സ്വഭാവദൂഷ്യമുള്ളവനാണെന്നും ലഹരിക്കടിമയാണെന്നും പറഞ്ഞതില്‍ മനം നൊന്ത്  ആത്മത്യക്ക് ശ്രമിച്ച വിദ്യാര്തഥിയെ കുറിച്ചുള്ള വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസവും ഉയർന്നു കേൾക്കുന്നത് ,ഒരു മാറ്റവുമില്ല ആർക്കും..ഒന്നിനും..

എവിടെ പോയി നമ്മുടെ വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി,  പ്രക്ഷുബ്ധമായിരുന്ന എൺപതുകളിലെ കലാലയങ്ങലുടെ  കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട് ,പക്ഷെ   പിന്നീടെവിടെ വെച്ചാണ് നമ്മുടെ കലാലയങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത് ,എങ്ങനെയാണ് നമ്മുടെ പ്രബുദ്ധ സമൂഹം കുഴിച്ചു മൂടിയെന്നവകാശപ്പെട്ടിരുന്ന 'റാഗിംഗ്' സർവ്വശക്തിയയോടെ തിരിച്ചു വന്നത് ,എന്ത് കൊണ്ടാണ് എൻജിനിയറിങ് കോളേജുകളിലും മെഡിക്കൽ കോളേജുകളിലും മാത്രം റാഗിംഗ് അതിന്റെ ഏറ്റവും ഭയാനകമായ  ഭാവം കൈവരിക്കുന്നത് ,എന്ന് മുതലാണ് അരാജകത്വവും അരാഷ്ട്രീയതയും നമ്മുടെ ക്യാമ്പസുകളുടെ അടയാളങ്ങളായി മാറിയത് .....

2002ല്‍ സോജന്‍ ഫ്രാന്‍സിസ് കേസിലാണ് ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്ന വിധി പുറപ്പെടുവിക്കുന്നത്. അന്നതിന് മൂകസാക്ഷിയായിരുന്ന എ കെ ആന്റണി തന്നെ രണ്ട്  വർഷം മുമ്പ്  കലാലയ രാഷ്ട്രീയം  നിരോധിച്ചത് അബദ്ധമായിപ്പോയെന്ന് പശ്ചാത്തപിച്ചത് ഓർത്തു പോകുന്നു.,1959 ത്തിലെ വിമോചന സമര കാലത്ത് കെ എസ യു വിനെ  മുന്നിൽ നിന്ന് നയിച്ച് കൊണ്ടാണ് ആന്റണിയുടെ രാഷ്ട്രീയ  രംഗ പ്രവേശം. ആ ആന്റണി പോലും കലാലയ രാഷ്ട്രീയ നിരോധനമെന്ന പ്രതിലോമകരമായ തീരുമാനത്തിന് അറിഞ്ഞോ അറിയാതെയോ സാക്ഷിയായിരുന്നുവെന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നമ്മുടെ പൊതുബോധത്തിന്  സംഭവിച്ച മാറ്റത്തെ സൂചിപ്പിക്കുന്നു.


കലായങ്ങളിലെ രാഷ്ട്രീയ നിരോധനമാണ് എല്ലാറ്റിനും കാരണമെന്നല്ല പറഞ്ഞു വരുന്നത് ,പക്ഷെ കലയായ രാഷ്ട്രീയ നിരോധനം സൃഷ്‌ടിച്ച അരാഷ്ട്രീയ ബോധം നമ്മുടെ നമ്മുടെ വളർന്നു വരുന്ന തലമുറയുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തിയെന്നത് ഒരു യഥാര്‍ത്ഥ്യവും പരമാർത്ഥവുമാണ് ..സ്വാതന്ത്ര്യം നേടിയിട്ട് നൂറു കൊല്ലം പോലും  തികച്ചിട്ടില്ലാത്ത ഒരു രാജ്യത്തെ നവ തലമുറയിലെ ബഹു ഭൂരിപക്ഷം  രാഷ്ട്രീയത്തെയും,അതിന്റെ സംവിധാനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും തള്ളിപ്പറയുന്നതിനു മറ്റെന്തിനേക്കാളും ഹേതുവായിട്ടുള്ളത് കലാലയങ്ങളിലെ രാഷ്ട്രീയ നിരോധനം തന്നെയാണ് ...
നമുക്ക് വേണം എല്ലാറ്റിനോടും കലഹിക്കുന്ന ആ പഴയ വിദ്യാർത്ഥി രക്തം, സമൂഹത്തിന്റെ നീറുന്ന പ്രശ്ങ്ങളോട് നിസ്സംഗത പുലർത്താത്ത, പോരാടുന്ന ഒരു തലമുറയെ  ,ലൂഷറിന്റെ കഥയിലെ കുട്ടിയെ പോലെ തല്ല് കിട്ടുമെന്ന് പേടിച്ച് സത്യം പറയാൻ മടിക്കാത്ത  വിദ്യാർത്ഥിയെ ...
കൃഷ്ണദാസുമാരുടെയും വട്ടോളിമാരുടെയെയും ചെവിക്ക് പിടിക്കാൻ ചങ്കൂറ്റമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ ..
അപ്പോഴവസാനിക്കും മുതലാളിയുടെ കച്ചവടക്കൊതി ...
അന്നവസാനിക്കും ഐ ഡി കാർഡിലെ നമ്പർ നോക്കി മനുഷ്യൻ മനുഷ്യനെ പരിഗണിക്കുന്ന,ചൂടും ചൂരുമുള്ള ഒരു സമൂഹത്തെ വെറും നമ്പറുകളാക്കുന്ന നാണം കെട്ട കാട്ടു നീതി ....

പ്രണയം പൂത്ത വാകമരച്ചോട്ടിൽ രക്തം ചിന്തിയവരുടെ കൈത്തലങ്ങളിൽ പിടിച്ച്, അവർ തന്നെ പണിത ഇടിമുറികളുടെ ഇരുട്ടിലേക്കവരെ  വലിച്ചെറിയാൻ..
സൗഹൃദം തളിര്‍ത്ത കലാലയത്തിന്റെ  ഇടനാഴികളില്‍ ഭീതി നിറച്ച മുതലാളിയുടെ ദുരയെ അറബിക്കടലിലേക്ക് വലിച്ചെറിയാൻ …
പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് കപ്പം പിരിച്ച്  കെട്ടിപ്പടുത്ത സ്വാശ്രയ സാമ്രാജ്യം തച്ചു തകർക്കാൻ ..
പുതിയ കാലത്തെ കോൺസൻട്രേഷൻ ക്യാമ്പുകളിലെ അഭിനവ ഹിറ്റലർമാർക്ക് ക്യാപിറ്റൽ പണിഷ്മെന്റ് വിധിക്കാൻ ...
ഉത്തരാധുനിക കാലത്തിന്റെ വിദ്യാർത്ഥി സമൂഹമേ ..കളഞ്ഞു പോയ നിന്റെ പ്രതികരണ ശേഷി വീണ്ടെടുക്കുക ..പോരാടുക ..!

0 comments:

Post a Comment